2014, മാർച്ച് 20, വ്യാഴാഴ്‌ച

മിഴികൾക്കുമുണ്ട് പറയുവാൻ, ഏറെകഥകൾ, 
ഉണർത്തു പാട്ടിൻ സ്വരം പോലെ 
പറ്റില പൊതിഞ്ഞൊരാ വൈഡൂര്യമുത്തുകൾ 
മന്ദസ്മിതം തൂകുന്ന പോലെ 

പറയാതെ ഒപ്പം അറിയാതെയും വന്നു
ഒരുനാളിലീ സ്വപ്ന മിഴികൾ
ഒരു സ്വപനസാഗരം ഉൾചെപ്പിൽ പേറുന്ന
കുതൂഹലത്തിന്റെ മിഴികൾ
അന്നോരുനാളിൽ പേരിട്ടു ഞാൻ
മീനിന്റെ രൂപമാണെന്നു

പരിഭവമല്ല നിൻ കണ്‍കളിൽ- അല്പമാം
നോവിന്റെ ലാഞ്ചന തന്നെ
നഷ്ടസ്വപ്നത്തിന്റെ കാനൽജലം പേറും
എന്നാലും കാന്തിയിയലും
ഇടയ്ക്കും നീ മിണ്ടാതെ മൌനം ഭജിച്ചാലും
നയനങ്ങൾ വാചാലമാവും

പറയാത്തതെന്തോ പറയാൻ വെമ്പുന്ന
ചുണ്ടിണ തന്നിലെ പുഞ്ചിരി
അക്ഷികൾ തന്നിലേ ആവാഹിച്ചെന്തിനായ്
പൂത്തിരി കത്തിച്ച പോലെ,
പറയാൻ വെമ്പും കഥകൾ പറയുവാൻ
മിഴികളോ ദാഹിക്കും പോലെ

പറഞ്ഞില്ലായെങ്കിലും, കേൾക്കാൻ കഴിയുമാ-
സ്വരമില്ലാക്കഥ- പ്രണയാർദ്രമായ്
കാതോടു കാതോരമാവേണ്ട ചൊല്ലുകൾ
മൌനവും വാചാലമാവും

ഇല്ല, ഞാൻ പറയില്ല, നീയൊളിപ്പിക്കുന്ന
മുഗ്ധ സൌന്ദര്യ പ്രഭാവത്തിനെ
കാണാതെ കാണുവാനായിടുമെങ്കിലോ
കാണുന്നതെന്തിനു തന്വീ
കാക്കട്ടെയാസുന്ദര കണ്കൾ സർഗ
സൌന്ദര്യ ഭാവത്തിൻ പൂർണ്ണതയെ

ചൊല്ലുവാൻ ഞാനാരുമല്ലെങ്കിലും
അജ്ഞാതനാണ് ഞാൻ എന്നിരുന്നാലും
വാചാല നയനങ്ങൾ പേറുന്ന ഭാവത്തിൻ
ആരാധകനായിരിപ്പാനാകും
ആയതിൽ സുന്ദരീ - പരിഭവം തോന്നല്ലേ
ദ്രോഹമറിയാത്ത സാധുവല്ലേ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ