2014, ഏപ്രിൽ 11, വെള്ളിയാഴ്‌ച

എനിക്ക് ആരാധന തോന്നുന്നു!

ഇനി ഇറങ്ങിപോകാൻ 
ഇരുളൊന്നും ബാക്കിയില്ല
കയറിപറ്റാൻ വെളിച്ചകൂടും.

മുട്ടിനുമുട്ടിനു പകലും രാത്രിയും
തൂക്കിയിട്ട ഈ ഭൂമി പോര

രാത്രി നക്ഷത്രവും പകൽ പറവകളെയും
രാത്രി കൂരിരുട്ടും പകൽ പൊരിവെയിലും
രാത്രി അടക്കിപിടിച്ച തേങ്ങലുകളും
പകൽ തിരക്കിപ്പിടിച്ചോടലുകളും
രാത്രി തൂങ്ങിമരിച്ച പ്രേതങ്ങളും
പകൽ പലിശക്കാരന്റെ ദുർമുഖവും
രാത്രി അപഥ സഞ്ചാരക്കാരന്റെ കൗശലവും
പകൽ സുവിശേഷക്കാരന്റെ നിർമ്മലതയും
തൂക്കിയിട്ട് തൂക്കിയിട്ട് പൊളിഞ്ഞ് പാളീസായ
ഭൂമി... ചത്തൂടെടോ നിനക്ക്

അല്ലെവേണ്ട ഇനി ആകാശത്ത് താമസോക്കാം
അതാവുമ്പോ കരചെന്ന് കടലിലേക്കൊഴുക്കുന്ന
കണ്ണീരും കടൽ തീരത്തെക്കെറിയുന്ന
കാറ്റിൻ തലോടലും കാണണ്ടല്ലൊ

വെറുതെ ഓരോരോ യെടങ്ങേറുകൾ
ഇന്നലെകണ്ടില്ലെ ദൈവം
കടൽത്തീരത്തിരുന്നു അലറിക്കരയുമ്പോൾ
തിരകളെല്ലാം നിശബ്ദമായി
യെന്നിട്ടെന്തെണ്ടായ്
ദൈവത്തിന്റെ കരച്ചിലെല്ലാരും കേട്ടില്ലെ?
നാണങ്കെട്ടില്ലെ?..

ദൈവത്തിനെ തെറിവിളിച്ച
ആ ദുഷ്ടമ്മാരൊക്കെ മുടിഞ്ഞു
പോകത്തെള്ളന്നു സലോമി
കയറിൽ പ്രാണൻ കൊണ്ടെഴുതി

സലോമി.. സലോമി... യീ ഭൂമിവിട്ടാൽ
ഒരു നിലാവു കാണും
അവിടെ പ്രവാചകന്മാരില്ലാത്ത
അവരുടെ മുള്ളുമ്പൊ തെറിക്കുന്ന
വികാരമുള്ള അനുയായികളില്ലാത്ത
മാലാഖമാരും പിശാചുമില്ലാത്ത
എന്തിന്‌ എന്തു കണ്ടാലും
നാണോം മാനോമില്ലാത്ത
ഞാമ്പോലുമില്ലാത്ത
ഒരു നിലാവാവായിരിക്കും.

ജയിച്ചവർക്കുള്ള ലഡ്ഡു
കൊള്ളക്കാരെടുക്കട്ടെ
വെളുത്ത കുപ്പായക്കാർ കൊണ്ടുപോട്ടെ
തോറ്റവർക്കുള്ള കുണുക്കിട്ട്
നമുക്ക് നിരന്തരം മരിച്ചുകൊണ്ട്
ഭക്തന്മാരായിരിക്കാം
യെന്നാലും..
ഈ ഭൂമി വല്ലാതെ
ചോർന്നൊലിക്കുന്നു

ആണ്‍കാടുകൾ

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
പലകാലങ്ങളിൽ നാം,
ആരണ്യകങ്ങളുടെ ആണ്‍ഹൃദയങ്ങളായ്
കൂരമ്പുകൾ ഉരയ്ക്കുന്നു;
കാട്ടാളനും 
വേട്ടമൃഗവുമായ് അന്യോന്യം 
വേഷം പകരുന്നു. 

ഞാൻ നിന്റെ നോക്കുകെണിയിൽ 
അകപ്പെടുന്ന രാത്രിഭക്ഷണം,
നായാട്ടുകളിൽ
നിന്റെ അസ്ത്രമുനകൾക്ക്
മുൻപിലേയ്ക്ക് മാത്രം
ഓടിയെത്തുന്ന കാട്ടുമൃഗം.

ഓരോ ഉന്നങ്ങളിലും നീ,
എന്നെ മാത്രമാണ് കണ്ടെത്തുന്നത്;
എങ്കിലും,
വിഷം തീണ്ടുന്നത്
എന്നിൽത്തറയ്ക്കുന്ന
നിന്റെ വിശപ്പിലാണ്.

ഓരോ കോണിലും
ഞാൻ ബന്ധിക്കപ്പെടുന്നു,
ഓരോ കാട്ടുതീയിലും
എന്നെ നീ ചുട്ടെടുക്കുന്നു,
ഓരോ പെരുമ്പറയിലും
ഞാൻ മുഴങ്ങിക്കേൾക്കുന്നു.

നരഭോജികളുടെ അലർച്ചയുള്ള
നിബിഡവനമാണ് നീ.

എന്നിലെ ഓരോ കണികയും
രുചിക്കപ്പെടുമ്പോൾ,
നിന്നിലൂടെ,
നീയെന്ന പുല്ലാംകുഴൽ വഴിയിലൂടെ
ആദിമനാദമായ്‌
ഞാൻ വിന്യസിക്കപ്പെടുന്നു;
നൂറ്റാണ്ടുകളുടെ പിൻസ്മൃതികളിലേയ്ക്ക്
സ്വച്ഛന്ദം ഒഴുകിപ്പോകുന്നു.

കിഫിസസ്സ് നദിയോരത്തിൽ
നീ നിരസിച്ച,
ഒരുവളുടെ പ്രണയം
മാറ്റൊലികൊള്ളുന്ന കാടകത്തിൽ,
ദൈവശാപമേറ്റ്
കൊടിയ വിഷാദവിഷം നുണഞ്ഞ്
നീയിരിക്കുന്നു-
നാർക്കിസസ്സ്,
എന്റെ ഉന്മാദങ്ങളിലെ
വ്യഥിത വേടൻ!

നീർക്കണ്ണാടിയിൽ
നിന്റെ മിഴിശംഖുകൾ താഴുമ്പോൾ
പ്രതിബിംബനങ്ങളിൽ
സ്വന്തം മുഖത്തെ കാമിക്കുമ്പോൾ,
സ്വപാനങ്ങളിൽ
നീ മരിച്ചു വീഴുന്നു.

നാർക്കിസസ്സ്,
നിന്റെ സ്മരണകൾ പോലെ
പുളിനങ്ങളിൽ
മഞ്ഞ ലില്ലികൾ പൂവിടുന്നു.

വനപർവ്വങ്ങളിൽ
ഈ ഓർമ്മനിറം കത്തിപ്പടരുന്നു;
അഗ്നിപതത്രങ്ങളണിഞ്ഞ്
വന്യതയുടെ ആൾരൂപമായ്‌ നീ
പിടഞ്ഞെണീയ്ക്കുന്നു;
നിന്റെ വികാരവിപിനങ്ങളിൽ നിന്നും
എന്റേതിലേയ്ക്ക് കുതിച്ചുപായുന്നു.

നരഭോജികളുടെ അലർച്ചയുള്ള
നിബിഡവനമാണ് ഞാനും-
നിനക്കായ്
എന്റെ ശരവർഷങ്ങളൊരുങ്ങുന്നു.

ഒന്നിലധികം ലോകങ്ങളിലൊരാൾ

സമാന്തര പ്രപഞ്ചങ്ങൾ ഒരു മിഥ്യയല്ല.

ഈ രാത്രിയിൽ,
അമ്മയുടെ മടിയിൽ 
മനസ്സ് ചേർത്തുവച്ച്
ഞങ്ങൾക്ക് മാത്രം അറിയാവുന്ന
ഒരു പൊക്കിൾക്കൊടി ഭാഷയിൽ
വിതുമ്പുമ്പോൾ,
അകലെ വാടകമുറിയിലെ
സഹശയനങ്ങളിൽ ഞാൻ,
നിന്റെ മാറിലെ വിഷം നുകർന്ന്,
പിടഞ്ഞൊടുങ്ങുകയായിരുന്നെന്ന്
നീ സാക്ഷ്യം പറയുന്നു.

വിടപറച്ചിലിന്റെ ആകാശങ്ങൾ വിട്ട്
സൌഹൃദത്തിന്റെ ശൂന്യതയിലൂടെ
ഞാൻ പൊട്ടിക്കരഞ്ഞുകൊണ്ട്
പോകുന്നത്, അതേനേരം
തെരുവിലൊരു അന്ധഗായകൻ
പാടിപ്പകർത്തി വയ്ക്കുന്നു;
അയാൾക്ക്
എന്റെ മുഖവും സ്വരവുമുള്ളതായി
ചുറ്റിലുമുള്ള അനാഥഹൃദയങ്ങൾ
മനസ്സിലാക്കുന്നു.

ആ നിമിഷത്തിൽ തന്നെ
കലാപങ്ങളുടെ ഉന്മാദരാജ്യത്തിലേയ്ക്ക്
പുറപ്പെട്ട രാക്കൂട്ടങ്ങളിൽ
എന്നെ കണ്ടവരുണ്ട്;
ത്രിശൂലത്തിൽ കൊളുത്തിയ
ത്രിവർണ്ണ പതാകയ്ക്ക് പിറകിലൊളിച്ച
മിഴിയടർന്ന മുഖം എന്റേതാണെന്ന്
അതിലൊരാൾ തിരിച്ചറിയുന്നു.

പ്രേതകഥയിലേയ്ക്ക് കൂകിപ്പോകുന്ന
തീപിടിച്ച തീവണ്ടിയിൽ
മുഷിഞ്ഞ ഗന്ധം ചുറ്റി
കടലകൊറിച്ച്‌ ഞാൻ കൂനിയിരിക്കുന്നു.
എനിക്ക് മുൻപിൽ ശാപമേറ്റ ഒരു ദൈവം
എന്നെ തുറിച്ചുനോക്കുന്നുണ്ട്;
അത് ഞാനാണെന്ന് ചിലർ ഉറപ്പിക്കുന്നു.

അതേ കാലത്തിൽ തന്നെ,
ദൂരെ പേരില്ലാത്തൊരു പട്ടണത്തിൽ
എന്നെത്തേടി ഞാൻ അലയുന്നതായി
മറ്റുചിലർ അടക്കം പറയുന്നു.
അവിടെ,
മൂത്രം മണക്കുന്ന കോണുകളിലൊന്നിൽ
കാണ്മാനില്ല എന്ന തലക്കെട്ടിൽ
എന്റെ ചിത്രം പതിച്ചിരിക്കുന്നത് കണ്ടവരുണ്ട്.

ഒരേ സമയം പലയിടങ്ങളിലായ്
എന്നെക്കണ്ടതിന്
ഇനിയും തെളിവുകളുണ്ട്.

ഇവിടെ,
ഹൃദയമാപിനിയുടെ
അവസാന വ്യതിയാനത്തിൽ
പ്രതീക്ഷയുടെ ഒരു താഴ്‌വര തന്ന്,
ആകാശം തന്ന്,
എന്റെ പ്രാണന്റെ തരംഗങ്ങൾ
മൃതിയുടെ ഋജുരേഖയായി
മായ്ഞ്ഞ് പോകുന്നത്,
തീവ്രപരിചരണ മുറിക്ക് പുറത്ത് നിന്ന്
ഞാൻ കാണുന്നുണ്ട്.

ഒറ്റലോകമല്ല;
നുര നിങ്ങിയ അപാരതയുടെ കടലിലെ
കുമിളകൾ പോലെ
അനേകം ലോകങ്ങളുണ്ടിവിടെ;
അനന്തകോടി ഞാനും.

സമാന്തര പ്രപഞ്ചങ്ങൾ ഒരു മിഥ്യയല്ല.
എല്ലാ പുലരികളിൽ നിന്നും മഞ്ഞ നിറം, ഞാൻ നോക്കി നോക്കി നില്ക്കെ, ചിറകുകൾ ഒതുക്കി ഒന്നും മിണ്ടാതെ ഇറങ്ങിപ്പോകാറുണ്ട്. എന്നെ കൊതിപ്പിച്ചുകൊണ്ട്, സൂര്യാകാന്തിയുടെ ഇതളുകൾ മുത്തി എങ്ങോട്ടെന്നില്ലാതെ, എങ്ങോട്ടെന്നില്ലാതെ..... അത് പോകുന്ന വഴിയിലെ ഓർമ്മവെട്ടങ്ങളിൽ, നഷ്ടപ്പെട്ടൊരു മുഖം തേടി ഞാൻ അലയാറുണ്ട്. ഒടുവിൽ പോക്കുവെയിൽ ചായുമ്പോൾ, മഞ്ഞയുടെ കനൽദേഹം പടിഞ്ഞാറേക്കടലിൽ വെയിൽ ഞരമ്പുകൾ മുറിച്ച് ചത്തുമലർന്ന് കിടക്കുന്നതും, അതിന്റെ തൂവലുകൾ കാറ്റിലാകെ പറന്ന്, ആകാശമാകെ പടർന്ന് ഇരുളിൾ ഒളിക്കുന്നതും കാണാം.
എന്തുകൊണ്ടാണിങ്ങനെ, ചില സൌഹൃദങ്ങളിൽ ഒരു പകൽ മുഴുവൻ നിന്ന് പൊള്ളിയിട്ടും, ഒരിക്കലും സ്വന്തമാകാതെ പോകുന്നത്?

ഒരു ഫ്ലാഷ് മോബിൽ പെടുമ്പോൾ

ഒന്നുമില്ലായ്മകളിൽ നിന്ന്
ആദ്യമിരുളും, മൂകതയും 
പിന്നെ ദ്യുതിയും, ഘോഷവും 
ഉരുവാകുമ്പോൾ,
വിശുദ്ധവിസ്ഫോടനങ്ങളിൽ 
ജഗത്ത് ശില്പം സ്വയംഭൂവാകുന്നു;
സ്രഷ്ടാവും, സൃഷ്ടിസാമഗ്രിയും,
സൃഷ്ടിയുമാകുന്നു.
നക്ഷത്രമണ്ഡലങ്ങൾ വിന്യസ്സിക്കപ്പെടുന്നു,
തീ ഗോളങ്ങളെ ഭ്രമണപഥങ്ങളിൽ
തളയ്ക്കുന്നു,
അപാരവിസ്താരതയുടെ
സംഭവ ചക്രവാളങ്ങളിൽ
ആദിമനൃത്തം തുടങ്ങുന്നു.

സാഗര താപരന്ധ്രങ്ങളിൽ
പ്രാണാനുസൂക്ഷ്മകണങ്ങൾ
നുരഞ്ഞു പൊങ്ങുന്നു;
തുടിപ്പുകൾ തിമിർത്താടുന്നു.
ചുവന്ന പായലുകളുടെ
വസന്തകാലമുണ്ടാകുന്നു;
കക്കകളും ശംഖുകളുമുണ്ടാകുന്നു,
ജീവന്റെ ചലനങ്ങളെ
പകർത്താൻ തുടങ്ങുന്നു.
ഇളക്കങ്ങൾ നീരാളികളിലേയ്ക്കും,
മത്സ്യസഞ്ചയങ്ങളിലേയ്ക്കും,
ഇലച്ചാർത്തുകലിലേയ്ക്കും,
ശലഭങ്ങളിലേയ്ക്കും,
ഓന്തുകളിലേയ്ക്കും,
പക്ഷികളിലേയ്ക്കും പകരുന്നു.

ഭൂമിയിലാകെ ചെടികൾ പൂവിടുന്നു;
പൂവുകൾ സുഗന്ധം പരത്തിയാടുന്നു;
തേനീച്ചകൾ ഇണനൃത്തം ചെയ്യുന്നു;
പാമ്പുകൾ ഇഴഞ്ഞു പുളയുന്നു!
ഇഞ്ചി മണക്കുന്നു, ഏലം മണക്കുന്നു,
ഫലങ്ങൾ പഴുത്തുതുടുക്കുന്നു,
കുഞ്ഞനുറുമ്പുകൾ കൂടൊരുക്കുന്നു-
എവിടെയും പ്രാണൻ ആഘോഷിക്കപ്പെടുന്നു.

ഉയിര് മുലയൂട്ടിത്തുടങ്ങുന്നു;
കുയിലുകൾ പാടുന്നു,
മരം കൊത്തികൾ താളമിടുന്നു,
മയിലുകൾ ആടുന്നു,
വവ്വാലുകൾ തലതൂങ്ങിയാടുന്നു-
പ്രപഞ്ചമൊരു നൃത്തച്ചുവടായ്
നിർധാരണം ചെയ്യപ്പെടുന്നു.
പട്ടികൾ, പരുന്തുകൾ, പന്നികൾ, പൂച്ചകൾ
ആനകൾ, സിംഹങ്ങൾ, മാനുകൾ,
കാണ്ടാമൃഗങ്ങൾ, കുരങ്ങുകൾ
സംഘനൃത്തങ്ങളിൽ ലോകം ആർത്തുലയുന്നു.

നിലയ്ക്കാത്ത ചുവടുകളിലേയ്ക്ക്
ആട്ടക്കാർ വന്നുകൊണ്ടിരിക്കുന്നു.

നർത്തനം
ഒരുന്മാദമായ് ജീവജാലങ്ങളിലേയ്ക്ക്
പടർന്ന് കയറവേ,
ഗുഹയുടെ ഇരുൾമൂലയിൽനിന്ന്
ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നു;
ലോകം മുഴുവനും ആ ഒരു മാത്രയിൽ
സ്‌തബ്‌ധമാകുന്നു.
ജൈവനൃത്യത്തിന്റെ
പൊക്കിൾക്കൊടി അറ്റുപോകുന്നു;
ഭൂമിയുടെ ഗർഭാശയങ്ങളിൾ നിശ്ചലത നിറയുന്നു.
നർത്തകർ മരിച്ചു വീഴുന്നു;
ഫ്ലാഷ് മോബ് നിലയ്ക്കുന്നു.

ഇവിടെ ഞാൻ,
മനുഷ്യനെന്ന മൃഗം ജനിച്ചിരിക്കുന്നു!

മറവിയിൽ നിന്നൊരാൾ

മറവിയിൽ നിന്നൊരാൾ
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
മനസ്സിന്റെ ഭിത്തികളിൽ അങ്ങിങ്ങായി പിണഞ്ഞുകിടക്കുന്ന ഓർമ്മകളുടെ ചില നിഴലുകൾ മാത്രമല്ലാതെ, ജീവിതത്തിലേക്ക് തിരിച്ചുവിളിക്കാനായി ഒന്നുംതന്നെ എന്നിൽ അവശേഷിച്ചിരുന്നില്ല. ചുറ്റും അദൃശ്യമായി പെയ്യുന്ന മഴ ഒന്നുകൂടി ഉറച്ചിരുന്നെങ്കിലെന്നും, അത് ഓർമ്മകളെ മുഴുവനും കഴുകി കളഞ്ഞിരുന്നെങ്കിലെന്നും കൊതിച്ചു പോകുന്നു. 

മഴയും ഞാനും തമ്മിൽ ഒരു വിചിത്ര ബന്ധമായിരുന്നു.

എല്ലാവരുടെയും നോട്ടങ്ങളിൽനിന്ന് കുതറിയോടി, കോരിച്ചൊരിയുന്ന മഴയിലേക്ക്‌ ചാടിപ്പുറപ്പെട്ട് കൊതിതീരുവോളം ഓടിത്തളരുവാനുള്ള ഒരു ഉത്സാഹം, അത് ഇന്നും എന്നിൽ കെടാതെ അവശേഷിക്കുന്നതായി തോന്നാറുണ്ട്. പിന്നീട് അതേ മഴക്കാലത്തിൽ, പൊള്ളുന്ന പനിയുമായി ജാലകത്തിനരികെ, കൂടിയും കുറഞ്ഞും പെയ്യുന്ന മഴയെ നോക്കി അത്ഭുതപ്പെട്ടുനിൽക്കുന്പോൾ മനസ്സ് വെറുതെ നൊന്തിരിക്കണം. ആ നോവിലേക്കാണ് മറ്റൊരു മഴക്കാലത്തിൽ നിറയെ കടലാസ്സുതോണികൾ ഒഴുകിയെത്തിയത്. അവ എന്റെ കൌമാരത്തിന്, അതുവരെ ഞാൻ കാണാത്ത നീർച്ചാലുകളും നദികളും കാട്ടിത്തന്നു. നീ വന്നതും ഒരു പേമാരിയിലാണ്. ഒരു കുടക്കീഴിൽ നമ്മൾ നടന്ന മഴദിവസങ്ങൾ; കുടയില്ലാതെ ഒന്നിച്ചു നനഞ്ഞ ചാറ്റൽ മഴകൾ; സ്വപ്നങ്ങളെ ആത്മാവിലേക്ക് വാരിവിതറിയ തൂവാനങ്ങൾ.

ഇന്ന് ഈ അനുഭവങ്ങൾ ജീവിതത്തിലെ ഏറ്റവും വലിയ തമാശകൾ മാത്രമാണ്.

സ്നേഹത്തിനിടയിൽ നമ്മളെപ്പോഴോ മഴയുടെ നിറങ്ങൾ മറന്നു; മഴയുടെ ജലബന്ധനങ്ങൾ നമ്മിൽ നിന്ന് അറ്റു. ഇന്നലകളിലെപ്പോഴോ നമ്മളിലാരോ പറയാനും മറന്നില്ല- "ഈ മഴ പെയ്തുതീരുന്പോൾ നമ്മുടെ ജീവിതവും തീരും". പെട്ടന്നൊരു നിമിഷം ആ പെരുമഴ നിലച്ചു. രണ്ടു മഴകൾക്കിടയിലെ മഹാമൗനത്തിൽ പ്രണയം മാത്രമുപേക്ഷിച്ച് നാം രണ്ട് നദികളിലേക്ക് ഒഴുകിപ്പോയി. പിന്നീട് വല്ലാത്തൊരു ശൂന്യത. ജീവിതത്തിൽ വേനൽ. ആ വേനലിൽ ഞാൻ വെറുമൊരു കരിയിലയായി മാറുമെന്ന് ഭയപ്പെട്ടു. പക്ഷെ, ഞാനറിയാതെ എനിക്കുള്ളിലും, എനിക്ക് ചുറ്റും ഒരു കൊടും മഴക്കാലം തുടങ്ങിക്കഴിഞ്ഞിരുന്നു. അദൃശ്യമായിരുന്നു അത്. മറ്റാർക്കും കാണാൻ കഴിയാത്ത, മറ്റാർക്കും കേൾക്കാൻ കഴിയാത്ത, മറ്റാർക്കും കൊള്ളാൻ കഴിയാത്ത ഒരു മഴ.

മരണം മഴയാണ്.

നീർകണങ്ങളുടെ മാന്ത്രികനൂലുകളാൽ നെയ്തൊരു പുതപ്പിൽ, പുതച്ചുമൂടി കൊണ്ടുപോകാൻ വരുന്ന മരണം, തണുത്തുറഞ്ഞ ശരീരമുള്ള മഴയാണ്.

മഴ മരണമാണ്.

എന്നിട്ടും ഞാൻ മഴയെ ഭയപ്പെട്ടില്ല; വെറുത്തില്ല. ആ മഴ ഉറയ്ക്കുന്നതിനുമുന്പ് ഞാൻ ആരെയോ പ്രതീക്ഷിച്ചിരുന്നിരിക്കണം. ബാല്യകാലത്തിലെവിടെയോ യാത്രപറയാതെ ഓർമ്മകളുടെ പായൽക്കുളത്തിലേക്ക് താണുപോയ ഒരു സുഹൃത്ത്‌. അല്ലെങ്കിൽ, വെറിപിടിച്ചോടിയ കൗമാരസന്ധ്യയിൽ തീവണ്ടിപ്പാതയിൽ തലചായ്ച്ചുറങ്ങിയ മറ്റൊരാൾ! എല്ലാവരും അർത്ഥപൂർണ്ണവും, എന്നാൽ ഭയജനകവുമായ ഒരു നിശബ്ദതയോടെ എന്നിൽ അകന്നുപോയപ്പോൾ, ഉണ്ടെന്ന് വരുത്തിത്തീർത്ത ഒരസാധാരണ ധൈര്യവുമായി പിടിച്ചു നിന്നത്, അപ്രതീക്ഷിതം ഒരു നഷ്ടപ്പെട്ട സുഹൃത്ത്‌ വരുമെന്ന വിശ്വാസത്തിൽ മാത്രമാണ്.

പക്ഷെ, വന്നില്ല.

കാത്തിരിപ്പിന്റെ വൃക്ഷങ്ങളിൽനിന്ന് ഇലകൾ കൊഴിയുകയും, പുതിയ കാലങ്ങളും ആകാശങ്ങളും പിറക്കുകയും ചെയ്തു. അപ്പോഴും, എന്നിലേയ്ക്ക് വീശുന്ന സ്മൃതികളുടെ തണുത്തുറഞ്ഞ കാറ്റിൽ, നിലച്ച ഒരു മഴ അതിന്റെ പെയ്ത്ത് ഓർത്തെടുത്തുകൊണ്ടിരുന്നു. തീർത്തും ഒറ്റപ്പെടുമ്പോൾ മനസ്സ് ചോദിച്ചിരുന്നു- "വരുമോ ആ കൂട്ടുകാരൻ?"

മനസ്സുതന്നെ പതിയെ മറുപടിയും പറഞ്ഞു- "ഇല്ല, വരില്ല. അങ്ങനെയൊരാൾ ഉണ്ടായിരുന്നില്ലല്ലോ!"

2014, ഏപ്രിൽ 2, ബുധനാഴ്‌ച

നൊസ്റ്റാൾജിയ ഒരു ബോണ്‍സായ് മരമാണ്; തണൽത്തണുപ്പും, ഇലകൊഴിച്ചിലും, കാത്തിരിപ്പും, ഓർമ്മയുടെ തൂവലുകളും ഒരു കൈക്കുടന്നയിലേയ്ക്ക് ഒതുങ്ങുമ്പോൾ.
ഒരു വഴിപോക്കന്റെ ഹൃദയത്തിൽനിന്ന് എന്റെ ഓട്ടപ്പാത്രത്തിൽ വീണ നാണയങ്ങൾ! ഹോ, ദേവാലയങ്ങൾ വിട്ട് ചില ഹൃദയങ്ങളിലാണ് നീ ഒളിച്ചിരിക്കുന്നത്.