2014, ഏപ്രിൽ 11, വെള്ളിയാഴ്‌ച

മറവിയിൽ നിന്നൊരാൾ

മറവിയിൽ നിന്നൊരാൾ
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
മനസ്സിന്റെ ഭിത്തികളിൽ അങ്ങിങ്ങായി പിണഞ്ഞുകിടക്കുന്ന ഓർമ്മകളുടെ ചില നിഴലുകൾ മാത്രമല്ലാതെ, ജീവിതത്തിലേക്ക് തിരിച്ചുവിളിക്കാനായി ഒന്നുംതന്നെ എന്നിൽ അവശേഷിച്ചിരുന്നില്ല. ചുറ്റും അദൃശ്യമായി പെയ്യുന്ന മഴ ഒന്നുകൂടി ഉറച്ചിരുന്നെങ്കിലെന്നും, അത് ഓർമ്മകളെ മുഴുവനും കഴുകി കളഞ്ഞിരുന്നെങ്കിലെന്നും കൊതിച്ചു പോകുന്നു. 

മഴയും ഞാനും തമ്മിൽ ഒരു വിചിത്ര ബന്ധമായിരുന്നു.

എല്ലാവരുടെയും നോട്ടങ്ങളിൽനിന്ന് കുതറിയോടി, കോരിച്ചൊരിയുന്ന മഴയിലേക്ക്‌ ചാടിപ്പുറപ്പെട്ട് കൊതിതീരുവോളം ഓടിത്തളരുവാനുള്ള ഒരു ഉത്സാഹം, അത് ഇന്നും എന്നിൽ കെടാതെ അവശേഷിക്കുന്നതായി തോന്നാറുണ്ട്. പിന്നീട് അതേ മഴക്കാലത്തിൽ, പൊള്ളുന്ന പനിയുമായി ജാലകത്തിനരികെ, കൂടിയും കുറഞ്ഞും പെയ്യുന്ന മഴയെ നോക്കി അത്ഭുതപ്പെട്ടുനിൽക്കുന്പോൾ മനസ്സ് വെറുതെ നൊന്തിരിക്കണം. ആ നോവിലേക്കാണ് മറ്റൊരു മഴക്കാലത്തിൽ നിറയെ കടലാസ്സുതോണികൾ ഒഴുകിയെത്തിയത്. അവ എന്റെ കൌമാരത്തിന്, അതുവരെ ഞാൻ കാണാത്ത നീർച്ചാലുകളും നദികളും കാട്ടിത്തന്നു. നീ വന്നതും ഒരു പേമാരിയിലാണ്. ഒരു കുടക്കീഴിൽ നമ്മൾ നടന്ന മഴദിവസങ്ങൾ; കുടയില്ലാതെ ഒന്നിച്ചു നനഞ്ഞ ചാറ്റൽ മഴകൾ; സ്വപ്നങ്ങളെ ആത്മാവിലേക്ക് വാരിവിതറിയ തൂവാനങ്ങൾ.

ഇന്ന് ഈ അനുഭവങ്ങൾ ജീവിതത്തിലെ ഏറ്റവും വലിയ തമാശകൾ മാത്രമാണ്.

സ്നേഹത്തിനിടയിൽ നമ്മളെപ്പോഴോ മഴയുടെ നിറങ്ങൾ മറന്നു; മഴയുടെ ജലബന്ധനങ്ങൾ നമ്മിൽ നിന്ന് അറ്റു. ഇന്നലകളിലെപ്പോഴോ നമ്മളിലാരോ പറയാനും മറന്നില്ല- "ഈ മഴ പെയ്തുതീരുന്പോൾ നമ്മുടെ ജീവിതവും തീരും". പെട്ടന്നൊരു നിമിഷം ആ പെരുമഴ നിലച്ചു. രണ്ടു മഴകൾക്കിടയിലെ മഹാമൗനത്തിൽ പ്രണയം മാത്രമുപേക്ഷിച്ച് നാം രണ്ട് നദികളിലേക്ക് ഒഴുകിപ്പോയി. പിന്നീട് വല്ലാത്തൊരു ശൂന്യത. ജീവിതത്തിൽ വേനൽ. ആ വേനലിൽ ഞാൻ വെറുമൊരു കരിയിലയായി മാറുമെന്ന് ഭയപ്പെട്ടു. പക്ഷെ, ഞാനറിയാതെ എനിക്കുള്ളിലും, എനിക്ക് ചുറ്റും ഒരു കൊടും മഴക്കാലം തുടങ്ങിക്കഴിഞ്ഞിരുന്നു. അദൃശ്യമായിരുന്നു അത്. മറ്റാർക്കും കാണാൻ കഴിയാത്ത, മറ്റാർക്കും കേൾക്കാൻ കഴിയാത്ത, മറ്റാർക്കും കൊള്ളാൻ കഴിയാത്ത ഒരു മഴ.

മരണം മഴയാണ്.

നീർകണങ്ങളുടെ മാന്ത്രികനൂലുകളാൽ നെയ്തൊരു പുതപ്പിൽ, പുതച്ചുമൂടി കൊണ്ടുപോകാൻ വരുന്ന മരണം, തണുത്തുറഞ്ഞ ശരീരമുള്ള മഴയാണ്.

മഴ മരണമാണ്.

എന്നിട്ടും ഞാൻ മഴയെ ഭയപ്പെട്ടില്ല; വെറുത്തില്ല. ആ മഴ ഉറയ്ക്കുന്നതിനുമുന്പ് ഞാൻ ആരെയോ പ്രതീക്ഷിച്ചിരുന്നിരിക്കണം. ബാല്യകാലത്തിലെവിടെയോ യാത്രപറയാതെ ഓർമ്മകളുടെ പായൽക്കുളത്തിലേക്ക് താണുപോയ ഒരു സുഹൃത്ത്‌. അല്ലെങ്കിൽ, വെറിപിടിച്ചോടിയ കൗമാരസന്ധ്യയിൽ തീവണ്ടിപ്പാതയിൽ തലചായ്ച്ചുറങ്ങിയ മറ്റൊരാൾ! എല്ലാവരും അർത്ഥപൂർണ്ണവും, എന്നാൽ ഭയജനകവുമായ ഒരു നിശബ്ദതയോടെ എന്നിൽ അകന്നുപോയപ്പോൾ, ഉണ്ടെന്ന് വരുത്തിത്തീർത്ത ഒരസാധാരണ ധൈര്യവുമായി പിടിച്ചു നിന്നത്, അപ്രതീക്ഷിതം ഒരു നഷ്ടപ്പെട്ട സുഹൃത്ത്‌ വരുമെന്ന വിശ്വാസത്തിൽ മാത്രമാണ്.

പക്ഷെ, വന്നില്ല.

കാത്തിരിപ്പിന്റെ വൃക്ഷങ്ങളിൽനിന്ന് ഇലകൾ കൊഴിയുകയും, പുതിയ കാലങ്ങളും ആകാശങ്ങളും പിറക്കുകയും ചെയ്തു. അപ്പോഴും, എന്നിലേയ്ക്ക് വീശുന്ന സ്മൃതികളുടെ തണുത്തുറഞ്ഞ കാറ്റിൽ, നിലച്ച ഒരു മഴ അതിന്റെ പെയ്ത്ത് ഓർത്തെടുത്തുകൊണ്ടിരുന്നു. തീർത്തും ഒറ്റപ്പെടുമ്പോൾ മനസ്സ് ചോദിച്ചിരുന്നു- "വരുമോ ആ കൂട്ടുകാരൻ?"

മനസ്സുതന്നെ പതിയെ മറുപടിയും പറഞ്ഞു- "ഇല്ല, വരില്ല. അങ്ങനെയൊരാൾ ഉണ്ടായിരുന്നില്ലല്ലോ!"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ