2014, ഏപ്രിൽ 11, വെള്ളിയാഴ്‌ച

ഒന്നിലധികം ലോകങ്ങളിലൊരാൾ

സമാന്തര പ്രപഞ്ചങ്ങൾ ഒരു മിഥ്യയല്ല.

ഈ രാത്രിയിൽ,
അമ്മയുടെ മടിയിൽ 
മനസ്സ് ചേർത്തുവച്ച്
ഞങ്ങൾക്ക് മാത്രം അറിയാവുന്ന
ഒരു പൊക്കിൾക്കൊടി ഭാഷയിൽ
വിതുമ്പുമ്പോൾ,
അകലെ വാടകമുറിയിലെ
സഹശയനങ്ങളിൽ ഞാൻ,
നിന്റെ മാറിലെ വിഷം നുകർന്ന്,
പിടഞ്ഞൊടുങ്ങുകയായിരുന്നെന്ന്
നീ സാക്ഷ്യം പറയുന്നു.

വിടപറച്ചിലിന്റെ ആകാശങ്ങൾ വിട്ട്
സൌഹൃദത്തിന്റെ ശൂന്യതയിലൂടെ
ഞാൻ പൊട്ടിക്കരഞ്ഞുകൊണ്ട്
പോകുന്നത്, അതേനേരം
തെരുവിലൊരു അന്ധഗായകൻ
പാടിപ്പകർത്തി വയ്ക്കുന്നു;
അയാൾക്ക്
എന്റെ മുഖവും സ്വരവുമുള്ളതായി
ചുറ്റിലുമുള്ള അനാഥഹൃദയങ്ങൾ
മനസ്സിലാക്കുന്നു.

ആ നിമിഷത്തിൽ തന്നെ
കലാപങ്ങളുടെ ഉന്മാദരാജ്യത്തിലേയ്ക്ക്
പുറപ്പെട്ട രാക്കൂട്ടങ്ങളിൽ
എന്നെ കണ്ടവരുണ്ട്;
ത്രിശൂലത്തിൽ കൊളുത്തിയ
ത്രിവർണ്ണ പതാകയ്ക്ക് പിറകിലൊളിച്ച
മിഴിയടർന്ന മുഖം എന്റേതാണെന്ന്
അതിലൊരാൾ തിരിച്ചറിയുന്നു.

പ്രേതകഥയിലേയ്ക്ക് കൂകിപ്പോകുന്ന
തീപിടിച്ച തീവണ്ടിയിൽ
മുഷിഞ്ഞ ഗന്ധം ചുറ്റി
കടലകൊറിച്ച്‌ ഞാൻ കൂനിയിരിക്കുന്നു.
എനിക്ക് മുൻപിൽ ശാപമേറ്റ ഒരു ദൈവം
എന്നെ തുറിച്ചുനോക്കുന്നുണ്ട്;
അത് ഞാനാണെന്ന് ചിലർ ഉറപ്പിക്കുന്നു.

അതേ കാലത്തിൽ തന്നെ,
ദൂരെ പേരില്ലാത്തൊരു പട്ടണത്തിൽ
എന്നെത്തേടി ഞാൻ അലയുന്നതായി
മറ്റുചിലർ അടക്കം പറയുന്നു.
അവിടെ,
മൂത്രം മണക്കുന്ന കോണുകളിലൊന്നിൽ
കാണ്മാനില്ല എന്ന തലക്കെട്ടിൽ
എന്റെ ചിത്രം പതിച്ചിരിക്കുന്നത് കണ്ടവരുണ്ട്.

ഒരേ സമയം പലയിടങ്ങളിലായ്
എന്നെക്കണ്ടതിന്
ഇനിയും തെളിവുകളുണ്ട്.

ഇവിടെ,
ഹൃദയമാപിനിയുടെ
അവസാന വ്യതിയാനത്തിൽ
പ്രതീക്ഷയുടെ ഒരു താഴ്‌വര തന്ന്,
ആകാശം തന്ന്,
എന്റെ പ്രാണന്റെ തരംഗങ്ങൾ
മൃതിയുടെ ഋജുരേഖയായി
മായ്ഞ്ഞ് പോകുന്നത്,
തീവ്രപരിചരണ മുറിക്ക് പുറത്ത് നിന്ന്
ഞാൻ കാണുന്നുണ്ട്.

ഒറ്റലോകമല്ല;
നുര നിങ്ങിയ അപാരതയുടെ കടലിലെ
കുമിളകൾ പോലെ
അനേകം ലോകങ്ങളുണ്ടിവിടെ;
അനന്തകോടി ഞാനും.

സമാന്തര പ്രപഞ്ചങ്ങൾ ഒരു മിഥ്യയല്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ