2014, ഏപ്രിൽ 11, വെള്ളിയാഴ്‌ച

ഒരു ഫ്ലാഷ് മോബിൽ പെടുമ്പോൾ

ഒന്നുമില്ലായ്മകളിൽ നിന്ന്
ആദ്യമിരുളും, മൂകതയും 
പിന്നെ ദ്യുതിയും, ഘോഷവും 
ഉരുവാകുമ്പോൾ,
വിശുദ്ധവിസ്ഫോടനങ്ങളിൽ 
ജഗത്ത് ശില്പം സ്വയംഭൂവാകുന്നു;
സ്രഷ്ടാവും, സൃഷ്ടിസാമഗ്രിയും,
സൃഷ്ടിയുമാകുന്നു.
നക്ഷത്രമണ്ഡലങ്ങൾ വിന്യസ്സിക്കപ്പെടുന്നു,
തീ ഗോളങ്ങളെ ഭ്രമണപഥങ്ങളിൽ
തളയ്ക്കുന്നു,
അപാരവിസ്താരതയുടെ
സംഭവ ചക്രവാളങ്ങളിൽ
ആദിമനൃത്തം തുടങ്ങുന്നു.

സാഗര താപരന്ധ്രങ്ങളിൽ
പ്രാണാനുസൂക്ഷ്മകണങ്ങൾ
നുരഞ്ഞു പൊങ്ങുന്നു;
തുടിപ്പുകൾ തിമിർത്താടുന്നു.
ചുവന്ന പായലുകളുടെ
വസന്തകാലമുണ്ടാകുന്നു;
കക്കകളും ശംഖുകളുമുണ്ടാകുന്നു,
ജീവന്റെ ചലനങ്ങളെ
പകർത്താൻ തുടങ്ങുന്നു.
ഇളക്കങ്ങൾ നീരാളികളിലേയ്ക്കും,
മത്സ്യസഞ്ചയങ്ങളിലേയ്ക്കും,
ഇലച്ചാർത്തുകലിലേയ്ക്കും,
ശലഭങ്ങളിലേയ്ക്കും,
ഓന്തുകളിലേയ്ക്കും,
പക്ഷികളിലേയ്ക്കും പകരുന്നു.

ഭൂമിയിലാകെ ചെടികൾ പൂവിടുന്നു;
പൂവുകൾ സുഗന്ധം പരത്തിയാടുന്നു;
തേനീച്ചകൾ ഇണനൃത്തം ചെയ്യുന്നു;
പാമ്പുകൾ ഇഴഞ്ഞു പുളയുന്നു!
ഇഞ്ചി മണക്കുന്നു, ഏലം മണക്കുന്നു,
ഫലങ്ങൾ പഴുത്തുതുടുക്കുന്നു,
കുഞ്ഞനുറുമ്പുകൾ കൂടൊരുക്കുന്നു-
എവിടെയും പ്രാണൻ ആഘോഷിക്കപ്പെടുന്നു.

ഉയിര് മുലയൂട്ടിത്തുടങ്ങുന്നു;
കുയിലുകൾ പാടുന്നു,
മരം കൊത്തികൾ താളമിടുന്നു,
മയിലുകൾ ആടുന്നു,
വവ്വാലുകൾ തലതൂങ്ങിയാടുന്നു-
പ്രപഞ്ചമൊരു നൃത്തച്ചുവടായ്
നിർധാരണം ചെയ്യപ്പെടുന്നു.
പട്ടികൾ, പരുന്തുകൾ, പന്നികൾ, പൂച്ചകൾ
ആനകൾ, സിംഹങ്ങൾ, മാനുകൾ,
കാണ്ടാമൃഗങ്ങൾ, കുരങ്ങുകൾ
സംഘനൃത്തങ്ങളിൽ ലോകം ആർത്തുലയുന്നു.

നിലയ്ക്കാത്ത ചുവടുകളിലേയ്ക്ക്
ആട്ടക്കാർ വന്നുകൊണ്ടിരിക്കുന്നു.

നർത്തനം
ഒരുന്മാദമായ് ജീവജാലങ്ങളിലേയ്ക്ക്
പടർന്ന് കയറവേ,
ഗുഹയുടെ ഇരുൾമൂലയിൽനിന്ന്
ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നു;
ലോകം മുഴുവനും ആ ഒരു മാത്രയിൽ
സ്‌തബ്‌ധമാകുന്നു.
ജൈവനൃത്യത്തിന്റെ
പൊക്കിൾക്കൊടി അറ്റുപോകുന്നു;
ഭൂമിയുടെ ഗർഭാശയങ്ങളിൾ നിശ്ചലത നിറയുന്നു.
നർത്തകർ മരിച്ചു വീഴുന്നു;
ഫ്ലാഷ് മോബ് നിലയ്ക്കുന്നു.

ഇവിടെ ഞാൻ,
മനുഷ്യനെന്ന മൃഗം ജനിച്ചിരിക്കുന്നു!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ