2014, ഏപ്രിൽ 11, വെള്ളിയാഴ്‌ച

ആണ്‍കാടുകൾ

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
പലകാലങ്ങളിൽ നാം,
ആരണ്യകങ്ങളുടെ ആണ്‍ഹൃദയങ്ങളായ്
കൂരമ്പുകൾ ഉരയ്ക്കുന്നു;
കാട്ടാളനും 
വേട്ടമൃഗവുമായ് അന്യോന്യം 
വേഷം പകരുന്നു. 

ഞാൻ നിന്റെ നോക്കുകെണിയിൽ 
അകപ്പെടുന്ന രാത്രിഭക്ഷണം,
നായാട്ടുകളിൽ
നിന്റെ അസ്ത്രമുനകൾക്ക്
മുൻപിലേയ്ക്ക് മാത്രം
ഓടിയെത്തുന്ന കാട്ടുമൃഗം.

ഓരോ ഉന്നങ്ങളിലും നീ,
എന്നെ മാത്രമാണ് കണ്ടെത്തുന്നത്;
എങ്കിലും,
വിഷം തീണ്ടുന്നത്
എന്നിൽത്തറയ്ക്കുന്ന
നിന്റെ വിശപ്പിലാണ്.

ഓരോ കോണിലും
ഞാൻ ബന്ധിക്കപ്പെടുന്നു,
ഓരോ കാട്ടുതീയിലും
എന്നെ നീ ചുട്ടെടുക്കുന്നു,
ഓരോ പെരുമ്പറയിലും
ഞാൻ മുഴങ്ങിക്കേൾക്കുന്നു.

നരഭോജികളുടെ അലർച്ചയുള്ള
നിബിഡവനമാണ് നീ.

എന്നിലെ ഓരോ കണികയും
രുചിക്കപ്പെടുമ്പോൾ,
നിന്നിലൂടെ,
നീയെന്ന പുല്ലാംകുഴൽ വഴിയിലൂടെ
ആദിമനാദമായ്‌
ഞാൻ വിന്യസിക്കപ്പെടുന്നു;
നൂറ്റാണ്ടുകളുടെ പിൻസ്മൃതികളിലേയ്ക്ക്
സ്വച്ഛന്ദം ഒഴുകിപ്പോകുന്നു.

കിഫിസസ്സ് നദിയോരത്തിൽ
നീ നിരസിച്ച,
ഒരുവളുടെ പ്രണയം
മാറ്റൊലികൊള്ളുന്ന കാടകത്തിൽ,
ദൈവശാപമേറ്റ്
കൊടിയ വിഷാദവിഷം നുണഞ്ഞ്
നീയിരിക്കുന്നു-
നാർക്കിസസ്സ്,
എന്റെ ഉന്മാദങ്ങളിലെ
വ്യഥിത വേടൻ!

നീർക്കണ്ണാടിയിൽ
നിന്റെ മിഴിശംഖുകൾ താഴുമ്പോൾ
പ്രതിബിംബനങ്ങളിൽ
സ്വന്തം മുഖത്തെ കാമിക്കുമ്പോൾ,
സ്വപാനങ്ങളിൽ
നീ മരിച്ചു വീഴുന്നു.

നാർക്കിസസ്സ്,
നിന്റെ സ്മരണകൾ പോലെ
പുളിനങ്ങളിൽ
മഞ്ഞ ലില്ലികൾ പൂവിടുന്നു.

വനപർവ്വങ്ങളിൽ
ഈ ഓർമ്മനിറം കത്തിപ്പടരുന്നു;
അഗ്നിപതത്രങ്ങളണിഞ്ഞ്
വന്യതയുടെ ആൾരൂപമായ്‌ നീ
പിടഞ്ഞെണീയ്ക്കുന്നു;
നിന്റെ വികാരവിപിനങ്ങളിൽ നിന്നും
എന്റേതിലേയ്ക്ക് കുതിച്ചുപായുന്നു.

നരഭോജികളുടെ അലർച്ചയുള്ള
നിബിഡവനമാണ് ഞാനും-
നിനക്കായ്
എന്റെ ശരവർഷങ്ങളൊരുങ്ങുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ